ന്യൂഡൽഹി: മധ്യപ്രദേശിൽ അതിരുവിട്ട ദീപാവലി ആഘോഷത്തിൽ 14 കുട്ടികൾക്കു കാഴ്ച നഷ്ടപ്പെട്ടു. അസംസ്കൃത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള "കാർബൈഡ് തോക്ക്’ എന്ന പേരിലുള്ള കളിപ്പാട്ടങ്ങളിൽനിന്നു പരിക്കേറ്റ 122ലധികം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കാത്സ്യം കാർബൈഡ്, വെടിമരുന്ന്, തീപ്പെട്ടിക്കൊള്ളികളുടെ തലകൾ എന്നിവ നിറച്ച തോക്കുകൾ കളിപ്പാട്ടമെന്ന പേരിൽ വ്യാപകമായി വിറ്റഴിച്ചതാണ് 14 കുട്ടികളെ അന്ധരാക്കിയത്. പ്ലാസ്റ്റിക് പൈപ്പുകളോ ടിൻ പൈപ്പുകളോ ഉപയോഗിച്ചാണു തോക്ക് നിർമിച്ചത്. കാർബൈഡ് ഗണ്‍ കത്തിക്കുന്പോൾ ബോംബുകൾപോലെ പൊട്ടിത്തെറിക്കുന്നു. സ്ഫോടനത്തോടൊപ്പം കത്തുന്ന വാതകവും ലോഹശകലങ്ങളും പുറത്തുവരും. ഇവ കുട്ടികളുടെ മുഖത്തും കണ്ണുകളിലും പതിക്കും. 150 മുതൽ 200 രൂപ വരെയാണ് ഇത്തരം കളിപ്പാട്ട തോക്കുകൾക്കു വില.
മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്കു കാഴ്ച നഷ്ടമായത്. കാർബൈഡ് ഗണ്ണുകളിൽനിന്ന് കണ്ണിനു ഗുരുതരമായ പരിക്കേറ്റ് 120ലധികം കുട്ടികളെയും ചെറുപ്പക്കാരെയും ഭോപ്പാൽ, ഇൻഡോർ, ജബൽപുർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരവധി കുട്ടികൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.
ദീപാവലി ദിവസം മുതൽ മൂന്നു ദിവസത്തിനുള്ളിലാണ് പരിക്കേറ്റ 120ലേറെ കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയത്. പതിവുള്ള പൂത്തിരികൾ, ഗുണ്ടുകൾ, മാലപ്പടക്കങ്ങൾ, റോക്കറ്റുകൾ, പൂചക്രങ്ങൾ തുടങ്ങിയവയ്ക്കുപുറമെയാണ് അപകടരകമായ കാർബൈഡ് തോക്കുകൾ കള്ളിപ്പാട്ടമെന്ന പേരിൽ വിറ്റഴിച്ചത്.
ഇതൊരു കളിപ്പാട്ടമല്ലെന്നും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ആണെന്നും പോലീസ് പറഞ്ഞു. സുരക്ഷാ നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രാദേശിക മേളകളിലും റോഡരികിലെ സ്റ്റാളുകളിലും മാസങ്ങളോളം മിനി പീരങ്കികൾ എന്നപേരിൽ ഈ തോക്കുകൾ വിൽക്കുന്നുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
സർക്കാർ നിരോധിച്ചവയാണ് വീടുകളിൽ നിർമിച്ച കാർബൈഡ് തോക്കുകളെന്ന് പോലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 18നാണ് സംസ്ഥാന സർക്കാർ ഇവയുടെ വില്പന നിരോധിച്ചത്. സർക്കാർ നിരോധനമുണ്ടായിട്ടും പ്രാദേശിക വിപണികളിൽ അസംസ്കൃത കാർബൈഡ് തോക്കുകൾ പരസ്യമായി വിറ്റു. നിയമവിരുദ്ധമായി ഉപകരണങ്ങൾ വിറ്റതിന് ആറു പേരെ അറസ്റ്റ് ചെയ്തതായി വിദിഷ പോലീസ് ഇൻസ്പെക്ടർ ആർ.കെ. മിശ്ര പറഞ്ഞു.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കം പൊട്ടിക്കലുകൾ ഡൽഹിയിലടക്കം ഉത്തരേന്ത്യയിലാകെ അന്തരീക്ഷ മലിനീകരണം കുത്തനേ കൂട്ടുകയും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
പുക-ശബ്ദ മലിനീകരണങ്ങൾ ജനജീവിതം ദുഃസഹമാക്കിയതിനു പുറമെയാണ് അതിരുവിട്ട ദീപാവലി ആഘോഷം മധ്യപ്രദേശിലെ കുട്ടികളെ അന്ധരാക്കിയത്. മാതാപിതാക്കൾക്കും ഡോക്ടർമാർക്കും പേടിസ്വപ്നമായി മാറിയ കളിത്തോക്കുകൾ മുഴുവൻ ഇനിയും കണ്ടുകെട്ടിയില്ലെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
“കളിപ്പാട്ടമാണെന്നു കരുതി വാങ്ങിയ കാർബൈഡ് തോക്ക് പൊട്ടിത്തെറിച്ചപ്പോൾ കണ്ണ് പൂർണമായും പൊള്ളി. എനിക്കൊന്നും കാണാൻ കഴിയുമായിരുന്നില്ല”-ഭോപ്പാലിലെ ഹമിദിയ ആശുപത്രിയിൽ ചികിത്സയിലുള്ള പതിനേഴുകാരി നേഹ കണ്ണീരോടെ പറഞ്ഞു.
സ്ഫോടനം കണ്ണിന്റെ കൃഷ്ണമണി തകർക്കുകയും സ്ഥിരമായ അന്ധതയ്ക്കു കാരണമാകുകയും ചെയ്തുവെന്ന് ഡോ. മനീഷ് ശർമ സ്ഥിരീകരിച്ചു. ഹമിദിയ ആശുപത്രിയിൽ മാത്രം 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെ പ്രവേശിപ്പിച്ചു.
ആകർഷിച്ചത് സമൂഹമാധ്യമ വീഡിയോകൾ
ഫയർക്രാക്കർ ഗണ്‍ ചലഞ്ച് എന്നപേരിൽ കൗമാരക്കാർ കാർബൈഡ് തോക്കുകൾകൊണ്ട് വെടിവയ്ക്കുന്ന ഇൻസ്റ്റഗ്രാം റീലുകളും യുട്യൂബ് ഷോർട്ട്സും ഓണ്‍ലൈനിൽ വൈറലായിരുന്നു.
കുട്ടികളെ കൂടുതൽ ആകർഷിച്ചത് സമൂഹമാധ്യമങ്ങളിലൂടെയുള്ള കാർബൈഡ് തോക്കിന്റെ പ്രചാരണമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകൾ കണ്ടു വീട്ടിൽ പടക്കം ഉണ്ടാക്കാൻ ശ്രമിക്കവേയാണ് അതു തന്റെ മുഖത്തു പൊട്ടിത്തെറിച്ചതെന്ന് കാഴ്ച നഷ്ടമായ രാജ് വിശ്വകർമയെന്ന കുട്ടി പറഞ്ഞു.